ഉടുക്കാത്ത രാജാവിനെ നോക്കി നഗ്നനാണെന്നു വിളിച്ചുപറയാനുള്ള തന്റേടം സ്വാംശീകരിക്കേണ്ടതുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും ജനവിരുദ്ധതയും ശൈലിയാക്കുന്ന ഭരണാധികാരികള്‍ക്കു നേരെ നിവര്‍ന്നുനിന്ന് സത്യം തുറന്നുപറയാനുള്ള ചങ്കൂറ്റത്തിനല്ലേ ജിഹാദെന്നു പറയുക.
അധികാരത്തോടുള്ള മനുഷ്യന്റെ ഈ ആര്‍ത്തി എത്രത്തോളം അധപ്പതിക്കാമെന്നതിന്റെ ആനുകാലിക ഉദാഹരണങ്ങളാണ് ചില അറബ് നാടുകളില്‍ ഈയിടെയുണ്ടായ രാഷ്ട്രീയസമരങ്ങളുടെ പശ്ചാത്തലം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം കണ്ടതും മറ്റൊന്നല്ല. സീറ്റ് നിഷേധിക്കപ്പെട്ടതില്‍ മനംനൊന്ത് ചാനലുകള്‍ക്ക് മുമ്പില്‍ പൊട്ടിക്കരയുന്ന വയനാട്ടിലെ രാഷ്ട്രീയാചാര്യന് രാമചന്ദ്രന് മാസ്റ്ററും സി പി എമ്മിന്റെ മാസ്റ്റര്‍പീസായ സിന്ധുജോയി ഉമ്മന്‍ചാണ്ടിയില്‍ പുതിയ അച്ചനെയും പള്ളിയില്‍ ദൈവത്തെയും കണ്ടെത്തുന്നതിലും മേതതരത്വത്തിന്റെയും ന്യൂനപക്ഷ സംരക്ഷണത്തിന്റെയും ഇടതു തുരുത്തായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം മോഡിക്ക് മോടിയേകുന്നതും ഗോദ്സെയുടെ ബി ജെ പി പെണ്‍സിംഹം ഗാന്ധിജിയുടെ പാര്‍ട്ടി പ്രതിനിധിയാകുന്നതും ജയാഡാളി സീറ്റു കിട്ടാത്തതിനാല്‍ മറുകണ്ടം ചാടുന്നതും മൂക്ക് പിഴിയുന്നതുമെല്ലാം അധികാരക്കുടത്തിന്റെ ആകര്‍ഷണീയതയില്‍ തന്നെ.
ഇത്തരം സ്ഥാനമോഹികളുടെ ചാളയായി രാഷ്ട്രീയം മാറിയപ്പോള്‍ കുഞ്ഞുണ്ണിമാഷുടെ നിര്‍വചനം ശരിയാവുകയാണ്. രാക്ഷസനില്‍ നിന്നും ദുഷ്ടനില്‍ നിന്നുമെല്ലാം രൂപപ്പെടുന്ന രാഷ്ട്രീയ ഭൂമിയില്‍ നടന്ന ആദിമകൊലയും കലാപവും തൊട്ട് ഇന്നുവരെ മിക്ക അക്രമങ്ങള്‍ക്കും ഹേതു അധികാരമായിരുന്നു എന്നും കാണാം. ദൈവാധികാരത്തില്‍ മുതല്‍ സൃഷ്ടിലോകത്തെ പലതിന്റെയും അധികാരാവകാശത്തിലുള്ള തര്‍ക്കമാണ് എല്ലാ കുഴപ്പങ്ങളുടെയും മൂല കാരണം.
എന്നാല്‍ നല്ലവര്‍ക്ക് അധികാരം എന്നും അധികഭാരമായിരുന്നു. അധികാരം വരുന്ന വഴികള്‍ മാറിനടക്കാനായിരുന്നു അവര്‍ ശ്രമിച്ചതും ശീലിച്ചതും. ചില നിര്‍ബന്ധിതാവസ്ഥകളില്‍ ഭരണം ചുമലില്‍ വന്നു വീണപ്പോള്‍ പൊട്ടിക്കരഞ്ഞവരായിരുന്നു അവര്‍. ഉത്തരവാദിത്തത്തിന്റെ ബാധ്യതയെ കുറിച്ചോര്‍ത്ത് വിലപിച്ച അവരെവിടെ, അധികാരലബ്ധിയുടെ വാര്‍ത്തകള്‍ക്കു മേല്‍ ആനന്ദനൃത്തം ചവിട്ടുന്ന നമ്മുടെ നേതാക്കളെവിടെ?! അധികാരത്തിന്റെ അടയാളചിഹ്നങ്ങള്ക്കായുള്ള കടിപിടി കൂടുന്നവര്‍ക്ക് ഭരണം അമാനത്താണെന്ന തിരിച്ചറിവ് നഷ്ടപ്പെടുന്നു. അത് ഭരണത്തെ വെറും മാരണവും മായാജാലവുമാക്കാന് അവരെ പ്രേരിപ്പിക്കുന്നു.
അധികാരത്തോടുള്ള മനോഭാവം രൂപീകരിക്കുന്നതിലും അത് നീതിപൂര്‍വവും ഉത്തരവാദിത്തബോധത്തോടെയും നിര്‍വഹിക്കുന്നതിലും സത്യവിശ്വാസികള്‍ എന്ന് അവകാശപ്പെടുന്നവരെങ്കിലും വ്യതിരിക്തരാകേണ്ടേ? `നിങ്ങള്‍ നേതൃത്വം മോഹിച്ചുകൊണ്ടേ ഇരിക്കും. അന്ത്യനാളില്‍ നിങ്ങള്‍ക്കത് ഖേദമായിത്തീരു'മെന്ന നബി(സ)യുടെ താക്കീത് (ബുഖാരി) നാം മുഖവിലക്കെടുക്കണം. തന്റെ പ്രിയശിഷ്യന് അബൂദര്‍റിനെ(റ) നബി(സ) തെര്യപ്പെടുത്തുന്നത് അധികാരം അമാനത്താണ്, ദുര്‍ബലര്‍ക്ക് അത് ബാധ്യതയേകും എന്നാണ്.
അധികാരം കൊണ്ട് അഹങ്കരിക്കുകയും അക്രമങ്ങള്‍ക്ക് പക്ഷംപിടിക്കുകയും ചെയ്ത ഫറോവയുടെയും നംറൂദിന്റെയും ജാലൂത്തിന്റെയും ചരിത്രം ഖുര്‍ആന്‍ വിശദീകരിക്കുന്നത് ഭരണം മത്തുപിടിപ്പിക്കുന്ന പുതുഅധികാരികള്ക്ക് പാഠമാകാന്‍ തന്നെയാണ്. അധികാരത്തിന്റെ ചമയങ്ങളും അലങ്കാരങ്ങളും സംരക്ഷണവും അല്ലാഹുവിനെ മറികടക്കാന്‍ പര്യാപ്തമല്ല. ദുര്‍ബലര്‍ക്കു മേല്‍ കുതിരകയറാനും പക്ഷപാതിത്തം കാട്ടാനും അധികാ രം ദുരുപയോഗിക്കുന്നവരെ ചെങ്കോല്‍ രഹിതരാക്കാന്‍ രാജാധിരാജന് കഴിയുമെന്ന പാഠമാണത്.
``പറയുക: ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ പ്രതാപം നല്കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ കൈവശമത്രെ നന്മയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.'' (വി.ഖു. 3:26)
അധികാരക്കൊതിയന്മാര്ക്ക് ഉത്തരവാദിത്തബോധം ഉണ്ടാവുകയില്ല എന്നതുകൊണ്ടാവണം അത് ചോദിക്കുന്നവര്‍ക്ക് കൊടുക്കരുത് എന്ന് നബി(സ) നിര്‍ദേശിക്കുന്നത്. നമ്മുടെ ചെറുതും വലുതുമായ അധികാരപദവികളില്‍ ഇരിക്കുന്നവരില്‍ മുക്കാലേ മുണ്ടാണിയും ഈ വിശുദ്ധ വചനപ്രകാരം അധികാരത്തിന് അയോഗ്യരല്ലേ? ഇസ്ലാമിക ചരിത്രത്തിലെ തിളങ്ങുന്ന ഖലീഫമാരും അമീറുമാരും ഗവര്‍ണര്‍മാരും ജഡ്ജിമാരുമെല്ലാമായ പൂര്‍വസൂരികളെ ആ പദവികള്‍ തേടി എത്തിയതും നിര്‍ബന്ധിച്ച് ഏല്പിച്ചതുമായിരുന്നു. അബൂബക്കര്‍(റ) നബി(സ)യുടെ പിന്‍ഗാമിയായി ഖലീഫയാകുമ്പോള് പൊട്ടിക്കരയുന്ന രംഗമാണ് ചരിത്രം. വിജയശ്രീലാളിതനായി നീണ്ട പ്രവാസത്തിനു ശേഷം സ്വന്തം ജന്മഭൂമിയുടെ ഭരണാധികാരം ഏറ്റെടുക്കാന്‍ മക്കയില്‍ തിരിച്ചെത്തുന്ന മുഹമ്മദ് നബി(സ)യുടെ ശിരസ്സ് വിനയം കൊണ്ട് തന്റെ ഒട്ടകപ്പുറത്തേക്ക് കുനിഞ്ഞതാണ് ചരിത്രം. അനുയായികളുടെ തോളിലേറി വിജയചിഹ്നം കാണിച്ച് കുതൂഹലം കൂട്ടുന്നു നമ്മുടെ ജനപ്രതിനിധികള്‍! കഴുതക്കറിയില്ലല്ലോ മുതുകിലെ ഗ്രന്ഥക്കെട്ടിന്റെ `ഭാരം'.
ഓരോ ജനപ്രതിനിധിക്കും പൊതുഖജനാവില്‍ നിന്നും വന്‍ തുകയാണ് ശമ്പളത്തിനും അലവന്‍സുകള്‍ക്കുമായി ചെലവാക്കുന്നത്. എന്നിട്ടും പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാനും നാട്ടില്‍ പാലം അനുവദിക്കാനും വരെ കാശുവാങ്ങുന്ന ജനപ്രതിനിധികള്‍. സര്‍ക്കാര്‍ സൗകര്യങ്ങളുപയോഗിച്ച് സ്വന്തം ആസ്തി പല സഹസ്രം മടങ്ങ് വര്‍ധിപ്പിക്കുന്നവര്‍. ഒരു വലിയ പ്രദേശത്തിന്റെയും ജനസമൂഹത്തിന്റെയും പൂര്ണാധികാരത്തിന്റെ ഭാരിച്ച ചുമതലയേറ്റ അബൂബക്കര്‍(റ) പിറ്റേന്നും തന്റെ അന്നം തേടി വസ്ത്രക്കച്ചവടത്തിന് ഇറങ്ങുന്നു. അരിഷ്ടിച്ചു കഴിയാന്‍ വേണ്ടത് പൊതുഖജനാവ് നല്‍കിയതില്‍ നിന്ന് മിച്ചം പിടിച്ച് ഭാര്യ വാങ്ങിയ ആഭരണം ഉമറുബ്നു അബ്ദില്‍ അസീസ് ഖജനാവിലേക്ക് തിരിച്ചടയ്ക്കുന്നു. സംസ്ഥാനത്തെ ഏറ്റവും ദരിദ്രന് അവിടത്തെ ഗവര്ണറാണെന്നറിഞ്ഞപ്പോള് ദു:ഖിക്കുന്ന ഉമര്‍(റ) അഭിമാനം കൊള്ളുന്നു.
പൊതുസ്വത്തില്‍ നിന്ന് ഓടിപ്പോയ ഒട്ടകക്കുട്ടിയെ തിരഞ്ഞ് മരുഭൂവെയിലത്ത് മനുഷ്യരിറങ്ങാത്ത നേരത്ത് ഖലീഫ ഉമര്‍ അലയുന്നു. നട്ടപ്പാതിരയിലും നാട്ടിന്‍പുറങ്ങളിലെ കൂരകളിലും തെരുവോരങ്ങളിലെ നാടോടി കൂടാരങ്ങളിലും ക്ഷേമം തെരക്കി നടക്കുന്ന ഉമര്‍(റ) സ്വന്തം ചുമലില്‍ അവര്‍ക്ക് ഭക്ഷണം ചുമക്കുന്നു, സ്വന്തം ഭാര്യയെ വയറ്റാട്ടിയായി പറഞ്ഞയക്കുന്നു. ജനക്ഷേമം കരുതി താനുണ്ടാക്കിയ നിയമം, മുലകുടി നിര്‍ത്തിയ കുഞ്ഞുങ്ങള്‍ക്ക് റേഷന്‍ അനുവദിച്ചാല്‍ മതി എന്നത് ഏതോ ദരിദ്ര കുടുംബത്തിലെ കുഞ്ഞിന്റെ മുലകുടി സമയമാകും മുമ്പ് നിര്‍ത്താന്‍ ഉമ്മയെ പ്രേരിപ്പിച്ചു എന്നറിയുമ്പോള്‍ നേരം വെളുക്കും വരെ നെഞ്ചുപൊട്ടി കഴിയുകയും പ്രഭാതത്തില്‍ നിയമം മാറ്റിയെഴുതുകയും ചെയ്യുന്നു. ഉമറുല്‍ ഫാറൂഖ് ഭരണാധികാരികള്‍ക്ക് മാതൃകയും ഗാന്ധിജിക്ക് പ്രചോദനവുമായ ഉമറുല്‍ ആദില്‍ (നീതിമാനായ ഉമര്‍) ആയതിനാല്‍ ആശ്ചര്യപ്പെടാതിരിക്കുക. ക്രൈസ്തവ നേതൃത്വം ഉമറിനെ വിളിച്ചുവരുത്തി ജറൂസലമിന്റെ താക്കോല്‍ ഏല്പിച്ചത് അസത്യമല്ലെന്നറിയുക.
അഞ്ഞൂറു രൂപ ആസ്തിയുമായി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയ പ്രതിനിധി അഞ്ചു വര്‍ഷം കഴിഞ്ഞിറങ്ങുമ്പോള്‍ അഞ്ഞൂറു കോടിയുടെ `ഈശ്വരനാ'കുന്നത് നമുക്കിന്ന് അത്ഭുതമല്ല. നാം ഉണ്ടാക്കിയ നിയമം മൂലം അനുവദിച്ച എന്‍ഡോസള്‍ഫാന്‍ പതിനായിരങ്ങള്‍ക്ക് ദുരിതം വിതയ്ക്കുമ്പോള് ആ നിയമം മാറ്റിയെഴുതേണ്ടവര് ഖജനാവിന്റെയും കീശയുടെയും ഭാരത്തെക്കുറിച്ച് ആശങ്കപ്പെട്ട് നീണ്ട അവധി ചോദിക്കുന്നു; മരണം നിര്‍ത്താന്‍.
നേതാവ് സേവകനാകണമെന്ന് നിഷ്കര്‍ഷിക്കുന്നു ഇസ്ലാം. എന്നാല്‍ ജനത്തിന്റെതെല്ലാം സേവിച്ച് നീതി തന്നെ നക്കിത്തീര്ക്കുകയാണിന്നത്തെ നേതാക്കള്‍. ജനങ്ങളുടെ ഉത്തരവാദിത്തം ഏല്പിക്കേണ്ട ഒരാള്‍ അവരോട് വഞ്ചന കാണിച്ചുകൊണ്ടാണ് മരിക്കുന്നതെങ്കില്‍ അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കിയിരിക്കുന്നു എന്ന നബിവചനം എത്രപേര്‍ ശ്രദ്ധിക്കുന്നുണ്ട്! ദുനിയാവില് അല്ലാഹു സഹായം വാഗ്ദാനം ചെയ്തവരില്‍ ഒരാളാണ് ജനങ്ങളുടെ ബാധ്യത ഏറ്റെടുത്ത ഭരണാധികാരിയെന്നും നീതിമാനായ ഭരണാധികാരി മഹ്ശറില്‍ അല്ലാഹുവിന്റെ വിശിഷ്ടമായ തണല്‍ ലഭിക്കുന്ന സപ്തകക്ഷികളില് ഒരാളാണെന്നുമുള്ള സന്തോഷവാര്‍ത്തയും പ്രവാചകന്റേതായുണ്ട്. പക്ഷേ, അര്ഹതയുള്ളവരുണ്ടോ എന്നതാണ് പ്രശ്നം.
ഒരിക്കല്‍ അധികാരത്തിലേറിയാല്‍ ഇറങ്ങാന്‍ മടിക്കുന്നതാണ് ഈ രംഗത്തെ മറ്റൊരു ദുഷിച്ച പ്രവണത. ജനാധിപത്യത്തില്‍ കടമ നിര്‍വഹിക്കാത്ത പ്രതിനിധിയെ തിരിച്ചുവിളിക്കാന്‍ സംവിധാനമില്ല. കണ്ണുകാണാതെ, ചെവി കേള്‍ക്കാതെ വെന്റിലേറ്റര്‍ പ്രായക്കാരായാലും നേതാക്കള്‍ കുഞ്ചികസ്ഥാനങ്ങളില്‍ നിന്നിറങ്ങാന്‍ മടിക്കുന്നു. അഥവാ ഇറങ്ങിയാല്‍ പാരകളായി പരിണമിക്കുന്നു. വര്‍ഷങ്ങളോളം യുദ്ധഭൂമികളില്‍ നിന്ന് യുദ്ധഭൂമികളിലേക്ക് യാത്ര ചെയ്ത് വിജയങ്ങളുടെ നെറുകയില്‍ നില്‍ക്കുമ്പോഴാണ് സര്‍വസൈന്യാധിപ സ്ഥാനത്തു നിന്ന് മാറിനില്‍ക്കാനും സാധാരണ സൈനികനായി സേവനമനുഷ്ഠിക്കാനും ഖലീഫയുടെ കല്പന ഖാലിദുബ്നുല്‍ വലീദിന് കിട്ടുന്നത്. നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ ഗതി മാറിയേക്കാവുന്ന നിര്‍ണായക ഘട്ടത്തില്‍ കല്പന നിരുപാധികം സ്വീകരിച്ച് കീഴുദ്യോഗസ്ഥനെ തന്റെ പദവി ഏല്പിച്ച് പിന്നണിയിലേക്ക് മാറാന്‍ അദ്ദേഹത്തിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല.
എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള കുത്സിത ശ്രമങ്ങളാണ് രാഷ്ട്രീയാപചയത്തിന് മറ്റൊരു കാരണം. മുഖസ്തുതിക്കാരുടെയും റാന്‍മൂളികളുടെയും ഇടയില്‍ വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കേള്‍ക്കാന്‍ കഴിയുന്നില്ല നേതാക്കള്‍ക്ക്. ആരോപണങ്ങളുടെ അടിസ്ഥാനം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനു പകരം ആരോപണം ഒതുക്കാനാണ് സിന്‍ഡിക്കേറ്റുകള്‍ നിര്‍മിക്കുന്നത്. സ്വയംവിചാരണക്ക് വിധേയമാകാനും വിധി സര്‍വാത്മാനാ സ്വീകരിക്കാനും കഴിയുന്നവര്‍ മുസ്ലിം പ്രതിനിധികളുടെ കൂട്ടത്തിലെങ്കിലും ഉണ്ടാവേണ്ടേ! മഹ്റിന് പരിധി നിശ്ചയിക്കാനുള്ള ഉമറിന്റെ(റ) കല്പന ചോദ്യംചെയ്യുന്ന സ്ത്രീ. അവര്‍ക്കു മുമ്പില്‍ വിനീതനായി തന്റെ ശാസന പിന്‍വലിക്കുന്ന ഖലീഫ ഉമര്‍.
ജനാധിപത്യത്തിന്റെ ശക്തിയും ദൗര്‍ബല്യവും നാല്പത്തി ഒമ്പതിനെതിരെ അമ്പത്തി ഒന്നിന് ജയിക്കാമെന്നതാണ്. തെറ്റായാലും ശരിയായാലും അമ്പത്തി ഒന്നാണ് ജയിക്കുക. അതാണ് പരിഗണിക്കപ്പെടുക. എന്നു മാത്രമല്ല, നാല്പത്തി ഒമ്പതിന് ഒട്ടും വിലയില്ല. പ്രതിപക്ഷമാകുന്നവര് വെറുതെ ശബ്ദിക്കുന്നു. ഇത് സത്യത്തില്‍ ഭരണകക്ഷിക്ക് ഉത്തരവാദിത്തം ഏറ്റുന്നുണ്ട്. തങ്ങളുടെ നിലപാടുകള്‍ എത്ര ശതമാനത്തിന് താല്പര്യമാകുന്നു എന്നല്ല, ഏറ്റവും കൂടുതലിന് ഉപകാരമാകാനും ഉപദ്രവം ഏറ്റവും ചെറിയ ശതമാനത്തില്‍ പരിമിതപ്പെടുത്താനുമാകുന്നതാണോ എന്നാണ് ശ്രദ്ധിക്കേണ്ടത്. ഭൂരിപക്ഷത്തിന്റെ ക്ഷിപ്രസന്തോഷത്തിനല്ല നിത്യസുഖത്തിനാണ് വിശ്വാസികളായ പ്രതിനിധികളും അവരെ പിന്തുണക്കുന്നവരും ശ്രമിക്കേണ്ടത്. ഇങ്ങനെയാകുമ്പോള്‍ കള്ളും പലിശയും വ്യഭിചാരവും ലോട്ടറിയുമെല്ലാം നമുക്കും കുറേയൊക്കെ തടയാന്‍ കഴിയില്ലേ?
ഭരണപക്ഷം ചെയ്യുന്നതെല്ലാം എതിര്‍ക്കാന്‍ കൈ പൊക്കേണ്ടവരല്ല പ്രതിപക്ഷം. പ്രശ്നാധിഷ്ഠിത പിന്തുണ എന്നതും വിഷംപുരട്ടിയ പഴമാണിന്ന്. പ്രശ്നം അവനവന്റേത് മാത്രമാണ്. തനിക്കു പ്രശ്നമാകാത്തതിന് പിന്തുണയെന്നാണതിനര്ഥം. മേല്പറഞ്ഞ ജനനന്മയെന്ന വിശാല കാഴ്ചപ്പാടോടെ പ്രശ്നങ്ങളെ സമീപിച്ചാല്‍ ഭരണക്കാരെ പ്രതിയോഗിയായി കാണുന്നതിനു പകരം തന്റെ തലയില്‍ വന്നേക്കാവുന്ന ദൈവിക പരീക്ഷണത്തില്‍ സഹായിയായി വന്ന ഗുണകാംക്ഷിയായി പരിഗണിക്കാന്‍ കഴിയും.
ഭരണാധികാര രംഗത്ത് നേതൃസ്ഥാനം ലഭിക്കുന്നവര്‍ കുറച്ചേയുള്ളൂ. അവരെ കിരീടമണിയിക്കാന്‍ പണിപ്പെടുന്ന അനുയായികളാണ് കൂടുതല്‍. അവര്‍ക്ക് ഈ മേഖലയില്‍ ഏറെ ബാധ്യതകളുണ്ട്. നിയമത്തിനും ഭരണഘടനയ്ക്കും പോലും നിയന്ത്രിക്കാന്‍ കഴിയാത്ത നമ്മുടെ ജനപ്രതിനിധികളെ നേരെ നയിക്കാന്‍ കഴിയുന്ന അദൃശ്യശക്തിയാണ് അണികള്‍. ചക്കിക്കൊത്ത ചങ്കരന്മാരായി, യഥാ രാജ തഥാ പ്രജ പ്രമാണക്കാരായി, സ്വാര്ഥലാഭമോഹികളായി അനുയായികള്‍ മാറിയാല്‍ സംഭവിക്കുന്ന അപചയങ്ങള്‍ക്ക് നേതാക്കള്‍ മാത്രമല്ല, അനുയായികളും പ്രതിപ്പട്ടികയില്‍ വരും. നിങ്ങള്‍ എല്ലാരും നേതാക്കളാണ്. ഓരോരുത്തരും സ്വന്തം അനുയായികളെക്കുറിച്ച് ചോദിക്കപ്പെടുമെന്ന നബിവചനം ശ്രദ്ധേയമാണ്.
ഉടുക്കാത്ത രാജാവിനെ നോക്കി നഗ്നനാണെന്നു വിളിച്ചുപറയാനുള്ള തന്റേടം സ്വാംശീകരിക്കേണ്ടതുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും ജനവിരുദ്ധതയും ശൈലിയാക്കുന്ന ഭരണാധികാരികള്‍ക്കു നേരെ നിവര്‍ന്നുനിന്ന് സത്യം തുറന്നുപറയാനുള്ള ചങ്കൂറ്റത്തിനല്ലേ ജിഹാദെന്നു പറയുക. നീത്യാചരണത്തില് നിത്യവിസ്മയമായ ഉമറിന്റെ(റ) പ്രഭാഷണവേദിയിലിരുന്ന്, `പറയേണ്ട നിങ്ങള്‍,}ഞങ്ങള്‍ കേള്‍ക്കില്ല അനുസരിക്കില്ല. എവിടെ നിന്നു കിട്ടി ഈ നീണ്ട കുപ്പായം. ഞങ്ങള്‍ക്കു തന്ന അളവല്ലേ നിങ്ങള്‍ക്കും തുണി' എന്നു ചോദിക്കാന്‍ ത്രാണിയുള്ള അമ്പാകാനാണ് രാഷ്ട്രീയ നേതാക്കളുടെ അനുയായികള്‍ ശ്രമിക്കേണ്ടത്. നിര്‍ഭാഗ്യമാണ് അവര്‍ വെറും ഹമ്പുകളായി മാറുന്നത്.
അലവലാതികളുടെ അവസാന അഭയകേന്ദ്രമെന്നു ഏതോ ഗുണകാംക്ഷി നിരീക്ഷിച്ച രാഷ്ട്രീയക്കാരോടെന്തിനീ വേദമോത്ത് എന്നു ചിന്തിക്കുന്നുണ്ടാകാം. എന്തിനു നിരാശപ്പെടണം. നന്മയുടെ തുരുത്തുകള്‍ ഇനിയും ഇവിടങ്ങളില്‍ അവശേഷിക്കുന്നുണ്ട്. കുറേയേറെ വ്യക്തികള്‍. നന്മകള്‍ക്കായി ശ്രമിക്കുന്നുണ്ട്. നമുക്ക് പിന്തുണയേകാം, പ്രാര്‍ഥിക്കാം. നന്മ ജയിക്കട്ടെ.
അധികാരസ്ഥരേ, അവധി പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ഏല്പിച്ച ദൗത്യം നിര്‍വഹിച്ചു എന്നതിന് റബ്ബിനെ മുന്‍നിര്‍ത്തി `അല്ലാഹുമ്മശ്ഹദ്' പറയാന്‍ കഴിയുമോ? എങ്കില്‍ നമുക്ക് ജയിക്കാം.
-------------------------------------
മുര്‍ശിദ് പാലത്ത്
Coutesy Shabab